Solar Water Heater


സൗരോർജ്ജ സംവിധാനങ്ങളിൽ മുടക്കുമുതൽ ഏറ്റവും വേഗം തിരിച്ച് കിട്ടുന്നത് സോളാർ ഹീറ്റിങ്ങ് സംവിധാനങ്ങളിലാണ്. ഉയർന്ന ഊർജ്ജപരിവർത്തന ശേഷിയും ഇതിലാണ്. പലപ്പോഴും കുളിക്കാനുള്ള ചൂടുവെള്ളത്തിന് വേണ്ടി വൈദ്യുതിയാണ് കൂടുതൽ പേരും ഉപയോഗിക്കുന്നത്. താപോർജ്ജ ആവശ്യത്തിന് വേണ്ടി വൈദ്യുതി ഉപയോഗിക്കുന്നത് ഒരു പരിധിവരെ സാമൂഹ്യദ്രോഹമാണ്. അത് ഒഴിവാക്കാൻ പറ്റുന്ന സാഹചര്യം ഉണ്ടെങ്കിൽ പ്രത്യേകിച്ചും. കാരണം ഉദ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ നല്ലൊരു പങ്കും താപവൈദ്യുത നിലയങ്ങളിൽ നിന്നാണ് വരുന്നത്. അവിടെയാകട്ടേ, ഉദ്പാദിപ്പിക്കുന്ന താപോർജ്ജത്തിന്റെ പകുതിയോളമേ വൈദ്യുതി ആക്കിമാറ്റാൻ സാധിക്കുകയുള്ളൂ. ആ വൈദ്യുതിയാണ് നമ്മൾ തിരിച്ച് താപോർജ്ജമാക്കി മാറ്റുന്നത്.

ഒരു സാധാരണ ഇലക്ട്രിക്ക് ഹീറ്ററിന് 3000 രൂപയ്ക്കടുത്താണ് ചിലവ്. സോളാർ വാട്ടർ ഹീറ്റർ തുടങ്ങുന്നത് തന്നെ 12000 രൂപയിലാണ്. സ്വാഭാവികമായും ഇതൊരു അധികചിലവല്ലേ എന്ന് തോന്നാം. എന്നാൽ വീട്ടിലെ മൊത്തം ആവശ്യങ്ങൾ പരിഗണിച്ചാൽ വേണ്ടുന്ന ഹീറ്ററുകളുടെ എണ്ണം കൂടും, അങ്ങനെ മൊത്തം ചിലവ് സോളാർ വാട്ടർ ഹീറ്ററിന് അടുത്തെത്തും. മാത്രമല്ല, ഉപയോഗിക്കാൻ വളരെ ഉയർന്ന അളവിൽ വൈദ്യുതിയും പവർപ്ലഗ് പോലുള്ള സന്നാഹങ്ങളും ആവശ്യമായി വരും.

സോളാർ വാട്ടർ ഹീറ്ററിൽ ടാങ്കിന്റെ വലിപ്പം 100 ലിറ്റർ മുതലാണ് ആരംഭിക്കുന്നത്. അതുകൊണ്ട് ഈ ചൂട് വെള്ളം കുളിക്കാൻ മാത്രമല്ല അടുക്കള ആവശ്യത്തിനും തുണി അലക്കാനും ഒക്കെ ഉപയോഗിക്കാം. അരി, പയർ തുടങ്ങിയ പലവ്യഞ്ജനങ്ങൾക്ക് ഇടയ്ക്ക് വരുന്ന പൂപ്പൽ മണം കളയാനും, തുണികളും പാത്രങ്ങളും എളുപ്പത്തിൽ വൃത്തിയാക്കാനും എല്ലാം ചൂട് വെള്ളം ഉപയോഗപ്പെടുത്താം. ഫലത്തിൽ മറ്റൂർജ്ജച്ചിലവുകളൊന്നുമില്ലാതെ കിട്ടുന്ന ഈ ചൂട് വെള്ളം നിങ്ങളുടെ മൊത്തം ജലോപയോഗം കുറയ്ക്കും. ഒപ്പം വൈദ്യൂതി ബില്ല് ഗണ്യമായി കുറയ്ക്കും.

കേരളത്തിലെ കാലാവസ്ഥയിൽ മിക്കവാറും എല്ലാസമയത്തും നല്ല ചൂടുവെള്ളം ലഭിക്കും. ശരിയായ രീതിയിൽ ഇൻസ്റ്റാൾ ചെയ്താൽ, സമാന്യം നല്ല മൂടിക്കെട്ടിയ അന്തരീക്ഷവും മഴയും ഉള്ള ദിവസങ്ങളിൽ പോലും ഇളംചൂടുവെള്ളമെങ്കിലും ലഭിക്കും. ETC- എന്ന ഇവാക്വേറ്റഡ് ട്യൂബ് സോളാർ വാട്ടർ ഹീറ്ററുകളാണ് സാധാരണ വീടുകൾക്ക് അനുയോജ്യം. ഹീറ്റർ പിടിപ്പിക്കും മുന്നേ വെള്ളം ടെസ്റ്റ് ചെയ്യണം.