Solar PV


എന്താണ് സോളാർ PV സിസ്റ്റം?


ഒരു പ്രത്യേക ഊർജ്ജനിലയിലോ അതിൽ കൂടുതലോ ഉള്ള പ്രകാശം വസ്തുക്കളിൽ പതിച്ചാൽ അതിൽ നിന്നും ഇലക്ട്രോണുകൾ സ്വതന്ത്രമാവും. ഈ പ്രതിഭാസത്തിനെ ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം എന്ന് വിളിക്കുന്നു. പ്രകാശത്തിന്റെ ആവൃത്തിയാണ് അതിന്റെ ഉർജ്ജനില തീരുമാനിക്കുന്നത്. ചുവപ്പിൽ ഊർജ്ജനില കുറവും വയലറ്റിൽ കൂടുതലുമാണ്. ഈ കൂടിയ ഊർജ്ജനിലയാണ് അൾട്രാവയലറ്റ് പ്രകാശത്തിൽ ജീവനില്ലാതാക്കുന്നത്.

ഈ പ്രതിഭാസത്തിന് ഒരു ചെറിയ പ്രത്യേകത ഉണ്ട്. ഒരു ചെറിയ കമ്പി അടിച്ച് വളയ്ക്കാൻ ഒരു കിലോഗ്രാം ഭാരത്തിൽ ചുറ്റിക കൊണ്ട് അടിക്കണം എന്നാണ് കണക്കെന്നിരിക്കട്ടേ, അപ്പോൾ ഒരു കിലോയിൽ താഴെ ഭാരം കൊണ്ട് എത്ര പ്രാവശ്യം അടിച്ചാലും വെറുതെ ശബ്ദമുണ്ടാവും എന്നല്ലാതെ വളയില്ല. അതുപോലെ ഒരു പത്ത് കിലോ വെച്ച് അടിച്ചാലും ഒരു കിലോ വെച്ച് അടിച്ചാലും കിട്ടുന്ന വളവിന് കാര്യമായ മാറ്റം ഉണ്ടാവില്ല. പത്ത് കിലോ വെച്ച് അടിച്ചാൽ ബാക്കി ഒമ്പത് പാഴാവും. അത് പോലെ ആണ് സോളാർ വൈദ്യുതിയും. കിട്ടുന്നതിൽ നല്ലൊരു ഭാഗവും ചൂടായി നഷ്ടപ്പെടും. സാധാരണയായി സോളാർ തെർമ്മൽ സിസ്റ്റത്തിൽ 70%-ന് മുകളിൽ എഫിഷ്യൻസി ഉള്ളപ്പോൾ PV സിസ്റ്റത്തിൽ എഫിഷ്യൻസി 15%-ന് അടുത്ത് മാത്രമായി കുറയാനുള്ള ഒരു കാരണവും ഇതാണ്.

സോളാർ പാനലുകൽ സാങ്കേതികമായി ഒരു ഡയോഡ് ആണ്. വെയിലേറ്റ് സ്വതന്ത്രമാവുന്ന ഇലക്ട്രോണുകൾ, അതിനുള്ളിലെ ഡയോഡ് സ്വഭാവം കാരണം ഒരു ദിശയിൽ മാത്രം ഒഴുകുന്നത് കൊണ്ടാണ് പുറത്തേക്ക് വൈദ്യതി ലഭിക്കുന്നത്. ചൂട് കൂടുന്നതനുസരിച്ച് ആ ഡയോഡിലെ ലീക്കേജ് കൂടും. ഡയോഡിന്റെ ഫലം കുറയും, അങ്ങനെ ഫലത്തിൽ കിട്ടുന്ന ഔട്ട് പുട്ടും. അതുകൊണ്ട് വെയില് കൂടിയാൽ മാത്രം കൂടുതൽ വൈദ്യുതി കിട്ടണം എന്നില്ല. എന്നിരുന്നാലും പാനലുകളുടെ നിർമ്മാണത്തിൽ ചില പ്രത്യേകതകൾ വരുത്തുക വഴി പലവഴിക്കുള്ള നഷ്ടങ്ങൾ കുറച്ച് ഈ എഫിഷ്യൻസി കൂട്ടാം. പാനലിന്റെ എഫിഷ്യൻസി കൂട്ടിയാൽ മൊത്തം പാനലിന്റെ വലിപ്പം കുറയുകയും വില കൂടുകയും ചെയ്യും എന്നാണ് പ്രായോഗിക തലത്തിൽ മനസ്സിലാക്കേണ്ട കാര്യം. മറ്റ് കാര്യമായെ മെച്ചങ്ങളൊന്നും ഇല്ല. പാനൽ വെക്കുന്നതിന് സ്ഥലപരിമിതി ഒരു പ്രശ്നമാണെങ്കിൽ, ഈ വിലക്കൂടുതൽ പോക്കറ്റിനൊതുങ്ങുമെങ്കിൽ മാത്രം ഉയർന്ന എഫിഷ്യൻസിക്ക് നോക്കുന്നതാണ് ഉചിതം. ശൂന്യാകാശ യാത്രകൾക്ക് ഉപയോഗിക്കുന്ന പാനലുകൾക്ക് 30% വരെ എഫിഷ്യൻസി വരും. വിലയും അതുപോലെ കൂടും. എഫിഷ്യൻസി കുറഞ്ഞ പാനലുകൾ വാട്ടിന് 20 രൂപ മുതൽ ലഭിക്കും.

സോളാർ പാനലുകളെ വീടുകൾക്കും സമാനരീതിയിലുള്ള ഊർജ്ജ ആവശ്യങ്ങൾക്കും ഉപയോഗിക്കുമ്പോൾ എഫിഷ്യൻസിയേക്കാൾ പ്രധാനം ചിലവാണ്. സാധാരണ നിലയിൽ ഏതൊരു ഇലക്ട്രിക്കൽ ഉപകരണത്തിന്റേയും ശരാശരി ആയുസ് പതിനഞ്ച് വർഷമാണ്. എന്നാൽ ഫോൺ, ടെലിവിഷൻ പോലുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങൾ അഞ്ച് വർഷത്തിൽ കൂടുതൽ ഉപയോഗിക്കുന്നവർ വളരെ വിരളമാണ്. സാങ്കേതികവിദ്യ കാലഹരണപ്പെടുന്നതാണ് ഇതിന് കാരണം. സോളാർ പാനലിന്റെ കാര്യത്തിലും ഈ ഒരു കാലഹരണപ്പെടൽ കണക്കിലെടുക്കേണ്ടതുണ്ട്. അതുപ്രകാരം വീടുകളിൽ ഉപയോഗിക്കുന്ന സോളാർ പാനലിന് പത്ത് വർഷത്തിൽ കൂടുതൽ ആയുസ് കണക്കാക്കുന്നത് തെറ്റായ കീഴ്‍വഴക്കമായിപ്പോകാം. സോളാർ പാനലിന്റെ വരവു്ചിലവ് കണക്കാക്കുമ്പോൾ ബാറ്ററിയുടെ ആയുസ് കൂടി കണക്കിലെടുത്ത് എട്ടോ പത്തോ വർഷം അടിസ്ഥാനമാക്കി ചെയ്യുന്നതാണ് ശരിയായ രീതി. വ്യാവസായികാടിസ്ഥാനത്തിലുള്ള സൗരവൈദ്യുതോത്പാദനത്തിൽ കണക്കുകൾ മാറും.

സാങ്കേതികമായി ഒരു പോളിക്രിസ്റ്റലൈൻ സോളാർ പാനലിന്റെ ആയുസ് 25- വർഷമാണ്. അതായത് 1kW പാനൽ വാങ്ങിയാൽ അതിന്റെ ശേഷി ശോഷിച്ച് 0.8kW എത്താനെടുക്കുന്ന സമയം. ആദ്യ പത്ത് വർഷത്തിൽ ആ പാനലിന്റെ ശേഷി 0.9kW ആകും. അതിനേക്കാൾ താഴെ പോയാൽ പാനൽ ദാതാക്കൾ നഷ്ടപരിഹാരം കൊടുക്കുകയോ പകരം പാനൽ കൊടുക്കുകയോ ചെയ്യണം എന്നാണ് നിയമം. പോളിക്രിസ്റ്റലൈൻ അല്ലാത്ത പാനലുകൾക്ക് വിലയും ആയുസും മാറും. ഡൈ-സെൻസിറ്റൈസ്ഡ് പോലുള്ള വിഭാഗത്തിന് ആയുസ് കുറഞ്ഞിരിക്കുമ്പോൾ മോണോ ക്രിസ്റ്റലൈൻ പോലുള്ളവയക്ക് ആയുസ് കൂടുതൽ ലഭിക്കും. പക്ഷെ ഇങ്ങനെ അധികമോ കുറവോ ആയി ലഭിക്കുന്ന ആയുസിന് എന്ത് വില കൊടുക്കണം എന്നുള്ളതാണ് പ്രധാനമായും ചിന്തിക്കേണ്ടത്.

ഭൂവൽക്കത്തിൽ എറ്റവും കൂടുതലുള്ള മൂലകങ്ങളിൽ ഒന്നാണ് സിലിക്കൺ. അതുപയോഗിച്ച് ഉണ്ടാക്കാവുന്ന ഏറ്റവും ലളിതമായ ഒരു ഉപകരണമാണ് പോളി ക്രിസ്റ്റലൈൻ സോളാർ പാനൽ. സ്ഥലപരിമിതി ഒരു വിഷയമാവാത്തിടത്തോളം കാലം ഇത്രയും മൂല്യമുള്ള മറ്റൊരു സാങ്കേതികവിദ്യ ഈ മേഖലയിൽ ഇല്ല. ‘സ്വയം വളരുകയും കേടുകൾ പരിഹരിക്കുകയും ചെയ്യുന്ന ഒരു ബയോളജിക്കൽ പാനൽ’ പോലെ വല്ലതും വന്നാലേ അതിനടുത്തെത്തൂ എന്നാണ് ഞങ്ങളുടെ വിശ്വാസം.


ചില കണക്കുകൾ


മുകളിൽ സോളാർ പാനലുമായി ബന്ധപ്പെട്ട ചില പൊതു കാര്യങ്ങൾ പരിചയപ്പെടുത്തി. ഇനി ഒരു പാനൽ വാങ്ങണോ, വേണ്ടയോ, അതിലെത്ര രൂപ മുടക്കണം എന്നൊക്കെയുള്ള കണക്കുകൾ പരിശോധിക്കാം.


സോളാർ പാനൽ വാങ്ങണോ വേണ്ടയോ?


ഇന്നത്തെ അവസ്ഥയിൽ KSEB-യുടെ വൈദ്യുതിക്ക് കൊടുക്കേണ്ട പരമാവധി തുക 8 രൂപ വരെയാണ്. വൈദ്യൂതിയുടെ വില നിർണ്ണയാവകാശം കേരളസർക്കാരിലും KSEB-യിലും നിക്ഷിപ്തമായിരിക്കുന്നോളം കാലം, ഇതുവരെ ഉള്ള ചരിത്രം വെച്ച് ഈ വില അത്ര പെട്ടെന്ന് കൂടില്ല. KSEB-നിലവിൽ ഒരു വൈദ്യുതി മിച്ച സ്ഥാപനമാണ്. ഉള്ള വൈദ്യുതി തന്നെ വിറ്റ് തീർക്കാനാവുന്നില്ല. വ്യാവസായിക അടിസ്ഥാനത്തിൽ സോളാർ വൈദ്യുതിയുടെ വില അഞ്ച് രൂപയിൽ താഴെ എത്തി. ഇനി KSEB-യുടെ വൈദ്യൂതി വില ക്രമാതീതമായി കൂട്ടിയാൽ വാങ്ങാനാളില്ലാതെ വരും. മിച്ചം വരുന്ന ഉപയോഗിക്കാത്ത/വിൽക്കാൻ പറ്റാത്ത വൈദ്യൂതിക്ക് KSEB ഏകദേശം 3.50 പൈസ തോതിൽ കൊടുക്കുന്നുണ്ട്. മിച്ച വൈദ്യുതി കൂടുന്നതനുസരിച്ച് ഇതുണ്ടാക്കുന്ന നഷ്ടം കൂടും.

അതേ സമയം വീടുകളിൽ സോളാർ പാനൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ യൂണിറ്റിന് 10 രൂപ മുകളിലാണ് യഥാർത്ഥ ചിലവ്. പ്രധാന പ്രശ്നം ആയുസ് കണക്കാക്കുന്നതിൽ തന്നെയാണ്. ഗാർഹിക ഉപയോഗത്തിൽ ആയുസ് 10-വർഷമായിരിക്കുമ്പോൾ വ്യാവസായികത്തിൽ ഇത് 20-25-വർഷമായി തന്നെ കണക്കാക്കാം. അതുപോലെ വ്യാവസായിക തലത്തിൽ ഒരു പ്ലാന്റിന്റെ ഉത്പാദന ശേഷി 100kW-ഓ അതിന് മുകളിലോ വരും. അപ്പോൾ ഒരു കിലോവാട്ടിന് വേണ്ടുന്ന ഇൻസ്റ്റാളേഷൻ തുക നന്നേ കുറയും. 1KW ശേഷിയുള്ള സിസ്റ്റം ചെയ്യാൻ ഇന്റസ്റ്റാളേഷൻ തുക ശരാശരി 30,000 രൂപ അടുത്ത് ആയിരിക്കുമ്പോൽ 100kW ചെയ്യുമ്പോൾ, 1kW-ന്റെ ചിലവ് ആയിരം രൂപയിൽ താഴെ വരെ ആകാം. ഈ കണക്കുകൾ നോക്കിയാൽ ഗാർഹിക ആവശ്യത്തിന് സോളാർ പാനൽ ചെയ്യുന്നത് ഒരു ആഡംബരമായി തോന്നാം. ലളിതമായ ഒരു യുക്തിയാണ് ഞങ്ങളുടെ മറുപടി. വീട്ടിൽ നിങ്ങൾ ടൈൽസോ-ഇറ്റാലിയൻ മാർബിളോ ഇടുന്നതും 55-ഇഞ്ച് ടീവി വാങ്ങി വെക്കുന്നതും മുടക്കു്മുതൽ തിരിച്ച് പിടിക്കുന്നത് കണക്കാക്കിയാണോ? അങ്ങനെയെങ്കിൽ ഒരു കാരണവശാലും സോളാർ പാനൽ ഇൻസ്റ്റാൾ ചെയ്യരുത്, നഷ്ടമാണ്. മറിച്ചാണെങ്കിൽ തീർച്ഛയായും സോളാർ ഘടിപ്പിക്കാം.


ഊർജ്ജസ്വാതന്ത്ര്യം വേണ്ടതാണോ?


മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളെ കുറിച്ച് പറയുമ്പോൾ, ഭക്ഷണം പാർപ്പിടം വസ്ത്രം എന്നൊക്കെ പറയാറുണ്ട്. അറിവും ഊർജ്ജവും അടിസ്ഥാന ആവശ്യമാണോ? വഹ്നി എടുക്കുന്ന രാഷ്ട്രീയ നിലപാട് പറയുന്നത്, ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെ നിലനിൽപ്പിനേയും ഗതിയേയും വളരെ ചെറിയ തീരുമാനത്തിലൂടെ നിർണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യാവുന്ന എന്തും അടിസ്ഥാന ആവശ്യമാണ്. അതുകൊണ്ട് തന്നെ, ആരോഗ്യം, അറിവ്, ഊർജ്ജം എല്ലാം അടിസ്ഥാന ആവശ്യത്തിൽ വരും. വീട്ടിൽ ഒരു വാഹനമില്ലെങ്കിൽ പോലും പെട്രോൾ-ഡീസൽ വിലയിലെ ചാഞ്ചാട്ടം കുടുംബങ്ങളിലെ സാമ്പത്തിക സ്ഥിതിയെ അസ്ഥിരപ്പെടുത്തും. അതുകൊണ്ട് തന്നെ ഊർജ്ജോത്പാദനം എത്രയും പെട്ടെന്ന് വികേന്ദ്രീകൃതവും സ്വതന്ത്രവും ആവേണ്ടത് സമൂഹത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. സ്വാതന്ത്ര്യം വലുതാണ് എന്ന് കരുതുന്നെങ്കിൽ സൗരോർജ്ജമോ മറ്റ് സ്വതന്ത്ര ഊർജ്ജ ഉദ്പാദനസംവിധാനമോ ഓരോ വീട്ടിലും ഉണ്ടായിരിക്കണം.


അല്പം ആഡംബരമാണ് എന്നറിയാം. എന്നാലും എനിക്കെന്റെ സ്വാതന്ത്ര്യമാണ് വലുത്. ഞാൻ എങ്ങനെയുള്ള സിസ്റ്റമാണ് ഇൻസ്റ്റാൾ ചെയ്യേണ്ടത്?


സോളാറിലേക്ക് മാറാൻ തീരുമാനിച്ചാൽ ആദ്യം ചൂട് വെള്ളത്തിന്റെ ആവശ്യങ്ങളും ഉണക്കൽ ആവശ്യങ്ങളും സോളാറിലേക്ക് മാറ്റുക. അത് കഴിഞ്ഞ് മാത്രം വൈദ്യുതി ആവശ്യങ്ങളെക്കുറിച്ച് ചിന്തിക്കുക. വൈദ്യുതി ആവശ്യത്തിലേക്ക് നീങ്ങുമ്പോൾ, മൂന്ന് തരത്തിൽ സോളാർ വൈദ്യുതി ഉപയോഗിക്കാം.

1. ഗ്രിഡ് ടൈ സോളാർ

2. ഓഫ് ഗ്രിഡ് സോളാർ

3. ബൈ ഡയറക്ഷണൽ-ഹൈബ്രിഡ് സോളാർ


അല്പം ആഡംബരമാണ് എന്നറിയാം. എന്നാലും എനിക്കെന്റെ സ്വാതന്ത്ര്യമാണ് വലുത്. ഞാൻ എങ്ങനെയുള്ള സിസ്റ്റമാണ് ഇൻസ്റ്റാൾ ചെയ്യേണ്ടത്?


സോളാർ പാനലിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി, അതുണ്ടാകുന്ന സമയത്ത് തന്നെ അവിടുന്ന് മാറ്റി എവിടെങ്കിലും സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ വേണം. സൂക്ഷിക്കാൻ ബാറ്ററി വേണം. ഉപയോഗിക്കാൻ അതനുസരിച്ചുള്ള ഒരു ലോഡ് വേണം. വെയിലനുസരിച്ച് മാറുന്ന സ്ഥിരതയില്ലാത്ത സോളാർ വൈദ്യുതി നേരിട്ടുപയോഗിക്കുന്നത് മിക്ക ഉപകരണങ്ങൾക്കും നല്ലതല്ല. ഇവിടെയാണ് ഗ്രിഡ് ടൈ എന്ന ബാറ്ററി ഇല്ലാ പരിഹാരം.

ഉത്പാദിപ്പിക്കുന്ന വൈദ്യുതി KSEB-യുടെ അനുമതിയോടെ, നേരിട്ട് KSEB-ക്ക് കൈമാറുന്ന രീതിയാണിത്. KSEB-യിലേക്ക് ഒഴുക്കുന്ന വൈദ്യുതിക്ക് ആനുപാതികമായി നമ്മുടെ ബില്ലിൽ കുറവ് വരും. ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ വൈദ്യുതി ഗ്രിഡിലേക്ക് കൊടുത്താൽ വ്യാവസായികമായി ഉത്പാദിപ്പിക്കുന്ന സോളാർ വൈദ്യുതിയേക്കാൾ കൂടാത്ത ഒരു തുക KSEB നമുക്ക് തരും.

ഈ സംവിധാനത്തിന്റെ വലിയൊരു പോരായ്മ ഇതിൽ ബാറ്ററി ഇല്ല എന്നതാണ്. അതുകൊണ്ട് തന്നെ പൊതുവിതരണം തടസ്സപ്പെടുന്ന എല്ലാ സമയത്തും സോളാറിലെ വൈദ്യുതോത്പാദനവും നിൽക്കും. മൊത്തം ബിൽ തുക മാറും എന്നല്ലാതെ വേറെ മെച്ചമൊന്നും ഈ രീതി വഴി ലഭിക്കില്ല. വീടുകളിൽ സോളാർ PV ചെയ്യുമ്പോൾ ഒരു യൂണിറ്റിന് ശരാശരി ഉത്പാദന ചിലവ് 10 രൂപ മുതൽ മുകളിലേക്കാണ് എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ഫലത്തിൽ ഈ സംവിധാനം ഉപഭോക്താവിന് വലിയ നഷ്ടമാണ് വരുത്തി വെക്കുന്നത്. അതുകൊണ്ട് തന്നെ വഹ്നി ഈ സംവിധാനം ചെയ്യുന്നുമില്ല


ഓഫ് ഗ്രിഡ് സോളാർ


ഏറ്റവും എളുപ്പത്തിലും ലളിതമായും സോളാറിലേക്ക് മാറാനുള്ള വഴിയാണ് ഓഫ് ഗ്രിഡ് സിസ്റ്റം. ഇവിടെ നിങ്ങൾക്ക് KSEB-യുടെയോ മറ്റ് സ്ഥാപനങ്ങളുടേയോ അനുമതി ആവശ്യമില്ല. വീട്ടിലേക്ക് ആവശ്യമായ വൈദ്യൂതി പൂർണ്ണമായോ ഭാഗികമായോ സോളാറിലേക്ക് മാറ്റുന്ന രീതിയാണ് ഇത്. ഒരു കിലോവാട്ട് സിസ്റ്റത്തിന് ശരാശരി അമ്പത്തയ്യായിരം രൂപയും ഇൻസ്റ്റാൾ ചെയ്യുന്നതിന് ഏകദേശം മുപ്പതിനായിരം രൂപയും വരും. അതായത് ഒരു കിലോവാട്ട് സിസ്റ്റം മാത്രമായി ചെയ്യുന്നതിന് ഏതാണ്ട് തൊണ്ണൂറായിരം രൂപയ്ക്കടുത്ത് ചിലവ് വരുമ്പോൾ അഞ്ച് കിലോ വാട്ട് സിസ്റ്റത്തിന് മൂന്ന് ലക്ഷത്തിൽ താഴെ മാത്രമാണ് ചിലവ്. ഘട്ടം ഘട്ടമായി സോളാറിലേക്ക് മാറുകയാണെങ്കിൽ ഇതായിരിക്കും ഏറ്റവും അനുയോജ്യമായ രീതി. അതുപോലെ നാട്ടിൽ വ്യാപകമായി തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഒരു സെഗ്മെന്റ് കൂടിയാണ് ഇത്.

ഒരു കിലോ വാട്ട് പാനലിൽ ഒരു ദിവസം ശരാശരി 4.2 യൂണിറ്റ് വൈദ്യുതി ആണ് ഉത്പാദിപ്പിക്കുക. പക്ഷെ മഴക്കാലത്ത് ഈ ഉത്പാദനശേഷി മൂന്നിലൊന്നായി ചുരുങ്ങും.അതുകൊണ്ട് ബാറ്ററിയുടെ സംഭരണശേഷി കണക്കാക്കുമ്പോൾ, പാനലിന്റെ പരമാവധി ശേഷിയുടെ മൂന്നിലൊന്നായിരിക്കാൻ ശ്രദ്ധിക്കണം. കൃത്യമായ ചാർജ്ജിങ്ങ് നടക്കാതെ വന്നാൽ ബാറ്ററി കേടാവും. ആയുസിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ പാനലിന്റെ നാല് മടങ്ങ് വിലവരും ബാറ്ററിക്ക്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഏഴെട്ട് വർഷം വരെ ട്യൂബുലാർ ബാറ്ററികൾ ഉപയോഗിക്കാമെങ്കിലും സോളാറിൽ ഉപയോഗിക്കുന്ന ബാറ്ററികൾ അഞ്ച് വർഷം കൊണ്ട് ഉപയോഗശൂന്യമാകാറുണ്ട്. തെറ്റായ അളവിൽ ഉപയോഗിച്ച് അമിതമായി ഡിസ്ചാർജ്ജ് ചെയ്യപ്പെടുകയും കൃത്യമായി ചാർജ്ജ് ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ.

വീട്ടിൽ ഒരേസമയം പരമാവധി എത്ര ലോഡുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കും എന്നുള്ളതാണ് ഇൻവെർട്ടറിന്റെ വലിപ്പം തീരുമാനിക്കുന്നത്. സാധാരണഗതിയിൽ 5kVA ഇൻവെർട്ടർ ഉണ്ടായാൽ ഒരു ഇടത്തരം വീട്ടിലെ എല്ലാ ആവശ്യങ്ങളും നിറവേറ്റാം. അതിൽ തന്നെ വാഷിങ്ങ് മെഷീൻ പോലെ ഏത് സമയവും പ്രവർത്തിപ്പിക്കാവുന്ന ഉപകരണങ്ങളുടെ ഉപയോഗം പകൽ സമയത്തേക്ക് മാറ്റിയാൽ ബാറ്ററിയുടെ ആയുസ് പരമാവധി വർദ്ധിപ്പിക്കാൻ പറ്റും.

ഇവിടെ സംഭവിക്കുന്ന ഒരു പ്രധാന തെറ്റിദ്ധരിപ്പിക്കൽ ഇൻവെർട്ടറിന്റെ വലിപ്പം തെറ്റായ പരാമീറ്ററിൽ പറഞ്ഞ്, അത് സിസ്റ്റത്തിന്റെ മൊത്തം ശേഷിയായി തോന്നിപ്പിച്ച്, പാനലിലും ബാറ്ററിയിലും കണക്കിൽ കൃത്രിമം കാണിക്കും. യഥാർത്ഥത്തിൽ ഇതിലോരോന്നും കണക്ക് വെച്ച് പറഞ്ഞാൽ മാത്രമേ വില കണക്കാക്കുന്നത് കൃത്യമാവുകയുള്ളൂ.

മറ്റൊരു തെറ്റിദ്ധരിപ്പിക്കൽ വരുന്നത് ഹൈബ്രിഡ് എന്ന വാക്കാണ്. ഈ സിസ്റ്റത്തിലെ ബാറ്ററി വേണമെങ്കിൽ KSEB വഴിയും ചാർജ്ജ് ചെയ്യാം. ഒരുപാട് വൈദ്യുതി പാഴാവുന്നതും ബില്ല് കൂട്ടുന്നതുമായ ഒരു വഴിയാണ് ഇത്. KSEB വഴി ചാർജ്ജ് ചെയ്യാം എന്നുള്ളതുകൊണ്ട് യൂണിഡയറക്ഷണൽ ഹൈബ്രിഡ് എന്നും, ഹൈബ്രിഡ് എന്നുമൊക്കെ ഇതിനെ വിശേഷിപ്പിക്കും. ഈ വിശേഷണം കൊണ്ട് ഒരു സാധാരണ ഉപയോക്താവിന് പറയത്തക്ക നേട്ടമൊന്നും ഉണ്ടാവുന്നില്ല


ബൈ ഡയറക്ഷണൽ-ഹൈബ്രിഡ് സോളാർ


സോളാറിലേക്ക് മാറുമ്പോൾ ഉപയോക്താവിന് ഏറ്റവും നേട്ടമുണ്ടാവുന്ന രീതിയാണ് ഇത്.

സോളാറിലേക്ക് മാറുമ്പോൾ നമ്മളെന്തൊക്കെയാണ് ആഗ്രഹിക്കുന്നത്?

1. മാർക്കറ്റിലെ വൈദ്യുതി വിലമാറ്റം ബാധിക്കാത്തവിധം ഗുണനിലവാരമുള്ള വൈദ്യുതി തുടർച്ചയായി ഉറപ്പ് വരുത്തണം.

2. ഹാർമ്മോണിക്സ്, പവർഫാക്റ്റർ തുടങ്ങിയ പ്രശ്നങ്ങൾ ബാധിക്കാതിരിക്കണം.

3. ബാറ്ററികൾ ദീർഘകാലം കേടാവാതെ നിലനിൽക്കണം.

4. പാനലുകളുടെ ശേഷി പരമാവധി പ്രയോജനപ്പെടുത്തണം.

ഈ മെച്ചങ്ങളെല്ലാം ഒരുമിച്ച് നൽകുന്ന സംവിധാനമാണ് ബൈഡയറക്ഷണൽ ഹൈബ്രിഡ് സിസ്റ്റം. ഇതിലെ പ്രത്യേകസംവിധാനം ഗ്രിഡിലേക്ക് വൈദ്യുതി കൊടുക്കുന്നതോടൊപ്പം ബാറ്ററി ചാർജ്ജ് ചെയ്യാനും ഉപയോഗപ്പെടുത്താം. കേരളത്തിൽ രാത്രി സമയത്ത് തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ വൈദ്യുതവിതരണം തടസ്സപ്പെടുന്നത് അത്യപൂർവ്വ സംഭവം ആണ്. അതുകൊണ്ട് തന്നെ മൊത്തം ബാറ്ററി ആ മൂന്ന് മണിക്കൂർ നേരത്തേക്കുള്ള ബാക്ക് അപ്പ് ആയി കണക്കാക്കിയാൽ മതി. ഇതിലൂടെ ബാറ്ററിയുടെ വലിപ്പം കുറയ്ക്കാം, ഒപ്പം മഴക്കാലത്ത് ബാറ്ററി പൂർണ്ണമായി ചാർജ്ജ് ചെയ്യപ്പെടാത്ത അവസ്ഥ വന്നാൽ KSEB-യിൽ നിന്നും ചാർജ്ജ് ചെയ്യാം. നല്ല വേനൽ കാലത്ത് മിച്ചം വരുന്ന വൈദ്യൂതി KSEB-യിലേക്ക് കൊടുക്കുകയുമാവാം. ഇലക്ട്രിക്ക് കാറുകളും മറ്റും വ്യാപകമായി തുടങ്ങുന്ന ഈ കാലത്ത് ചാർജ്ജിങ്ങ് സ്റ്റേഷനുകൾ തുടങ്ങുവാനും ഈ സംവിധാനം ഉപയോഗപ്പെടുത്താം.


ഓഫ് ഗ്രീഡ് സംവിധാനത്തെക്കാളും ഗ്രിഡ് ടൈ സംവിധാനത്തെക്കാളും ഇതിന് മുടക്ക് മുതൽ കൂടുതലാണ്. അതേ സമയം സൗകര്യങ്ങളും അനുബന്ധ ഉപകരണങ്ങളുടെ ആയുസും അതനുസരിച്ച് കൂടുകയും ചെയ്യും. വഹ്നി ഏറ്റവും കൂടുതൽ ശുപാർശ ചെയ്യുന്നതും ഈ രീതിയാണ്.